ഡല്‍ഹി : ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് അപകടം അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ഗുരുഗ്രാമിന് പിന്നാലെ ഡല്‍ഹിയിലും കെട്ടിടം തകര്‍ന്നു. ബവാന ഏരിയയിലെ ജെജെ കോളനിയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് പേരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കുട്ടികളും മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 2:45 ഓടെയാണ് അപകടം.
വിവരം അറിയിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്ന് ജെസിബികളും ആംബുലന്‍സുകളും ഉടന്‍ സ്ഥലത്തെത്തി. ഫാത്തിമ, ഷഹനാസ് എന്നീ രണ്ട് സ്ത്രീകളെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആദ്യം രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രാജീവ് രത്തന്‍ ആവാസിലാണ് ഈ കെട്ടിടം പണിതത്. ഏകദേശം 300-400 ഫ്ലാറ്റുകള്‍ ഇവിടെയുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകരാന്‍ കാരണമെന്ന് പ്രഥമിക വിലയിരുത്തല്‍.