ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തകർച്ചയ്ക്ക് പിന്നാലെ ഡല്‍ഹി കോൺഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. തുടർച്ചയായി രണ്ടാം തവണയും അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല കോൺഗ്രസ് സഖ്യത്തിലെ 70 സ്ഥാനാർഥികളിൽ 67 പേര്‍ക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി എന്ന നാണക്കേട് കൂടിയുണ്ട് ഇത്തവണ. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് കഴിഞ്ഞ ഒക്ടോബറിൽ കോണ്‍ഗ്രസ് മുതിർന്ന നേതാവ് സുഭാഷ് ചോപ്രയെ ഡല്‍ഹി അധ്യക്ഷനായി നിയമിച്ചത്.
സുഭാഷിനൊപ്പം മുന്‍ ക്രിക്കറ്റ് താരവും മുൻ ബി.ജെ.പി നേതാവുമായ കീർത്തി ആസാദിനെയും പാർട്ടിയുടെ പ്രചാരണ സമിതി തലവനായി നിയോഗിച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുഭാഷ് ചോപ്ര ഇന്നലെ തന്നെ രാജി പ്രഖ്യാപിച്ചെങ്കിലും സുഭാഷും ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള പി.സി ചാക്കോയും കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. ഡല്‍ഹി കോണ്‍ഗ്രസിന്റെ നേതൃത്വനിരയിലേക്ക് പുതുമുഖത്തെ കൊണ്ടു വരാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014 നവംബറിലാണ് പി.സി ചാക്കോയെ ഡല്‍ഹിയുടെ ചുമതല ഏല്‍പ്പിച്ചത്. ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദ് കാനഡയില്‍ പോകാന്‍ മൂന്ന് മാസത്തെ അവധി എടുത്തപ്പോഴായിരുന്നു ചാക്കോ നേതൃത്വത്തിലേക്ക് എത്തിയത്. എന്നാല്‍ 2015 ലെ വോട്ടെടുപ്പിൽ പാർട്ടി ഏറ്റവും മോശം തിരഞ്ഞെടുപ്പ് പ്രകടനം കാഴ്ചവെച്ചു. അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ട കോണ്‍ഗ്രസ് അന്നുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 70 സീറ്റുകളിൽ 67 ഉം ആം ആദ്മി പാർട്ടി (എ.എ.പി) നേടിയപ്പോൾ ബാക്കി മൂന്ന് സീറ്റുകൾ ഭാരതീയ ജനതാ പാർട്ടി നേടി.
ആരോഗ്യ കാരണങ്ങളാൽ അജയ് മാക്കൻ രാജിവച്ചതിനെ തുടർന്ന് 2019 ജനുവരിയിൽ ഡല്‍ഹി കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ഷീല ദീക്ഷിതുമായി പി.സി ചാക്കോ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാമെന്ന വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം ചാക്കോ അനുകൂലിച്ചപ്പോൾ ഷീല ദീക്ഷിത് അതിനെ ശക്തമായി എതിർക്കുകയായിരുന്നു. ഏതായാലും തോല്‍വിയില്‍ നിന്ന് പാഠംപഠിച്ച് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അടിത്തറ വളര്‍ത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.