ഡൽഹി: ഇന്ന് രാവിലെ എട്ട് മണിയോടെ 42 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ച് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും അറിയാം. 50 ശതമാനത്തിലധികം വോട്ടർമാരാണ് ഡിസംബർ 4ന് നടന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. ആകെ 1349 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) 250 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന എഎപിയും 15 വർഷമായി അധികാരത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു. ബിജെപിക്ക് 69 മുതൽ 91 വരെ വാർഡുകൾ വരെ നേടാനാകുമെന്നും മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ആം ആദ്‌മി പാർട്ടിക്ക് 43 ശതമാനം വോട്ട് ലഭിക്കുമെന്നും ബിജെപിക്ക് 35 ശതമാനം വോട്ട് ലഭിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് പത്ത് ശതമാനത്തോളം വോട്ടാണ് പ്രതീക്ഷിക്കുന്നത്.
കനത്ത സുരക്ഷയിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിനായി 42 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രി പാർക്ക്, യമുന വിഹാർ, മയൂർ വിഹാർ, നന്ദ് നഗരി, ദ്വാരക, ഓഖ്‌ല, മംഗോൾപുരി, പിതാംപുര, അലിപൂർ, മോഡൽ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 20 കമ്പനികളെയും പതിനായിരത്തിലധികം പോലീസുകാരെയും ഈ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
“42 കേന്ദ്രങ്ങൾ വോട്ടെണ്ണലിന് സജ്ജമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് വോട്ടെണ്ണൽ” തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2017ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബിജെപി വിജയിച്ചിരുന്നു. എഎപി 48 വാർഡുകളിലും കോൺഗ്രസ് 27ലും വിജയിച്ചു. 2017ലെ വോട്ടിംഗ് ശതമാനം 53 ആയിരുന്നു.
നേരത്തെ വോട്ടെടുപ്പിനായി ഡൽഹിയിലുടനീളം 13,600 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. അതിൽ 68 എണ്ണം മോഡൽ പോളിംഗ് സ്‌റ്റേഷനുകളും പിങ്ക് പോളിംഗ് ബൂത്തുകളുമാണ്. ഈ വർഷം ദേശീയ തലസ്ഥാനത്ത് കേന്ദ്രം പുനഃക്രമീകരണം നടത്തിയതിനെത്തുടർന്ന് വാർഡുകളുടെ എണ്ണം 272 ൽ നിന്ന് 250 ആയി കുറഞ്ഞു. ഇതിലൂടെ ഡൽഹിയിലെ പഴയ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെയും ഏകീകരിക്കുകയും ചെയ്‌തിരുന്നു.