ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്നുതന്നെ നല്‍കണമെന്നും ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയ്ക്ക് അര്‍ഹതപ്പെട്ട 490 മെട്രിക്ടണ്‍ ഓക്‌സിജന്‍ ഇന്നുതന്നെ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വെള്ളം തലയ്ക്ക് മുകളില്‍ എത്തിയിരിക്കുകയാണ്. ഇനിയെങ്കിലും മതിയാക്കൂ, നിങ്ങളാണ് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് കൊടുക്കണം. എട്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിനു നേരെ കണ്ണടയ്ക്കാനാവില്ല’ കോടതി പറഞ്ഞു. ഓക്‌സിജന്‍ ലഭിക്കാതെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചുവെന്ന് ആശുപത്രി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഏതുവിധേനയും ഡല്‍ഹിക്ക് ഓക്‌സിജന്‍ ലഭ്യമാക്കണം. ഇത് നടപ്പാക്കിയില്ലെങ്കില്‍, കോടതിയലക്ഷ്യ നടപടിയിലേക്ക് ഞങ്ങള്‍ക്ക് പോകേണ്ടി വരും – ഹൈക്കോടതി അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി.