ന്യൂഡൽഹി: ‘സർബത് ജിഹാദ്’ വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ ഡൽഹി ഹൈക്കോടതി. രാംദേവിന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി അവ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമർശങ്ങൾക്കെതിരെ ‘റൂഹ് അഫ്സ’ സ്ക്വാഷ് കമ്പനിയായ ഹംദാർദ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ‘ഇത് ഞെട്ടിക്കുന്ന ഒരു കേസാണ് അത് അപകീർത്തിപ്പെടുത്തുന്നതിനും അപ്പുറമാണ്. വർഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന ഈ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് സമാനമാണ്. അപകീർത്തി നിയമത്തിൽ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല’- ഹംദാർദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ പറഞ്ഞു.
ഈ മാസം ആദ്യം ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ‘നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം’- എന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം. ‘സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’- എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രൊഡക്ട്സ് ഫേസ്ബുക്കില്‍ ബാബാ രാംദേവിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെയാണ് റൂഹ് അഫ്സ നിർമിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്.