ന്യുഡൽഹി: സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കളോട് കൗൺസിലിങ്ങിന് വിധേയരാകാൻ ഡൽഹി ഹൈക്കോടതി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം ജീവിക്കുന്നത് അംഗീകരിക്കാൻ തയാറെടുക്കുന്നതിനായാണ് കൗൺസിലിങ്ങിന് വിധേയരാകാൻ മാതാപിതാക്കളോടും മാതൃസഹോദരനോടും ഡൽഹി ഹൈക്കോടതി നിർദേശിച്ചത്. യുവതിയുടെ സുഹൃത്ത് നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. കക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷം യുവതിയെ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോകാനും അവിടെ താമസത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും കോടതി നിർദ്ദേശിച്ചു.
യുവതിക്ക് കൗൺസിലിംഗ് സെഷൻ നൽകണമെന്ന് ഷെൽട്ടർ ഹോം ഡയറക്ടറോട് ആവശ്യപ്പെട്ടപ്പെട്ടതിനൊപ്പം ഒന്നിടവിട്ട ദിവസങ്ങളിൽ കുടുംബാംഗങ്ങളെയും കൗൺസിലിംഗ് ചെയ്യണമെന്ന് കോടതി പറഞ്ഞു. യുവതിക്കും സുഹൃത്തിനും നേരെ ഒരു തരത്തിലുമുള്ള ഭീഷണിയോ അനാവശ്യ സമ്മർദ്ദമോ ചെലുത്തരുതെന്ന് മാതാപിതാക്കളോടും ബന്ധപ്പെട്ട എല്ലാവരോടും കോടതി നിർദ്ദേശിച്ചു. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഒപ്പം പോകാൻ തയാറല്ലെന്നും സുഹൃത്തിനൊപ്പമോ ഷെൽട്ടർ ഹോമിലേക്കോ പോകാമെന്നും യുവതി കോടതിയെ അറിയിച്ചു. ഷെൽട്ടർ ഹോമിലേക്ക് അയക്കാൻ യുവതിയുടെ മാതാപിതാക്കൾ കോടതിയിൽ സമ്മതിച്ചു.