ന്യൂഡല്‍ഹി : കോവിഡ് വ്യാപനകേന്ദ്രമായി മാറി ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍. അഞ്ചു മലയാളി നഴ്സുമാരടക്കം 100ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 300ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. രോഹിണി ബാബ സാഹബ് ആശുപത്രിയിലെ ഏഴു ഡോക്ടര്‍മാരും 11 നഴ്സിങ് ഓഫിസര്‍മാരും ഉള്‍പ്പെടെ 29 ജീവനക്കാര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ പടപട്ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ 33 പേര്‍ക്ക് രോഗം ബാധിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച മലയാളി നഴ്സുമാരില്‍ അഞ്ചുപേര്‍ മാക്സ് ആശുപത്രിയിലാണ്. ഇവിടെ ഇതുവരെ 15 മലയാളി നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്.
ഞായറാഴ്ച ജഗ്ജീവന് റാം ആശുപത്രിയിലെ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ മലയാളി നഴ്സാണ്. ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 28 പേര്‍ക്കാണ് രോഗം. ഒരു ഗര്‍ഭിണിയടക്കം ഒമ്പതു പേര് മലയാളി നഴ്സുമാരാണ്. കൂടാതെ ഡല്‍ഹി പഞ്ചാബിബാഗിലെ മഹാരാജ അഗ്രസെന്‍ ആശുപത്രിയിലും മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രോഗമുണ്ട്. സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെയാണ് തങ്ങള്‍ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്നതെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞു. ആദ്യ പരിശോധനയില്‍ െനഗറ്റിവ് ആയാല്‍ പിന്നെ പരിശോധനയില്ലെന്ന് നഴ്സുമാര്‍ ആരോപിച്ചു. ദുരിതം മാധ്യമങ്ങള്‍ വഴി പങ്കുവെക്കരുതെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് ഡല്‍ഹി സര്‍ക്കാര്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.