ഡൽഹി : വിദ്യാർഥികളുടെ സമ്മർദ്ദരഹിത പഠനത്തിനായി ബാഗില്ലാത്ത പത്തുദിവസങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ. ആയാസഹരിതവും ആനന്ദകരവുമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനാണ് ആറുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശപ്രകാരം എൻസിഇആർടിയാണ് (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങ്) മാർഗനിർദേശങ്ങൾ രൂപപ്പെടുത്തിയത്. ഡൽഹിയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇത് ബാധകമാണ്.
ബാഗില്ലാത്ത ദിവസങ്ങളിൽ ചരിത്ര സ്മാരകങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നിരവധിയിടങ്ങൾ വിദ്യാർഥികൾക്ക് സന്ദർശിക്കാമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കണ്ടുമുട്ടാനും വ്യത്യസ്ത ആശയങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള ധാരണകൾ വിശാലമാക്കാനും ഇതിലൂടെ സഹായിക്കുന്നു. ബാഗില്ലാത്ത ദിവസങ്ങളിൽ ഹാപ്പിനസ് കരിക്കുലം മാതൃക പിന്തുടരണമെന്നും പറയുന്നു.
ചെറുയാത്രകൾ ഫീൽഡ് സന്ദർശനങ്ങൾ എന്നിവയെല്ലാം ഈ ദിവസങ്ങളിൽ നടത്തണമെന്നും നിർദേശത്തിലുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം ബാഗില്ലാത്ത ദിനങ്ങളെ കുറിച്ചുള്ള വിഞ്ജാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുൻ വിജ്ഞാപനമനുസരിച്ച്, 6-8 ക്ലാസുകളിൽ ഓരോ വിദ്യാർഥിക്കും ബാഗില്ലാത്ത ദിവസങ്ങളിൽ രസകരമായ കോഴ്സ് പഠിക്കാം. മരപ്പണി, ഇലക്ട്രിക് വർക്ക്, മെറ്റൽ വർക്ക്, പൂന്തോട്ടപരിപാലനം, മൺപാത്ര നിർമാണം തുടങ്ങി തൊഴിൽ നൈപുണ്യം നേടാനുള്ള അവസരവുമുണ്ടാക്കും.