ന്യുഡല്‍ഹി : വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍. ഞായറാഴ്ച ചോദ്യം ചെയ്യനായി വിളിച്ചുവരുത്തിയ ഉമറിനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 53 പേരുടെ മരണത്തിനും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനിടയായതുമായ കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കുന്നത് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉമറിനെ പോലീസ് രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഉമറിനെ ഞായറാഴ്ച രാത്രി വൈകി അറസ്റ്റു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. പോലീസ് കഴിഞ്ഞ മാസം കേടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമറിനൊപ്പം എഎപി കൗണ്‍സിലര്‍ തഹിര്‍ ഹുസൈന്‍, പൊതുപ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫി എന്നിവര്‍ കലാപം ആളിക്കത്തിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉമര്‍ ഖാലിദ് ഹുസൈനേയും ഖാലിദ് സെയ്ഫിയേയും ജനുവരി എട്ടിന് ഷഹീന്‍ബാഗിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മൂന്ന് കുറ്റപത്രങ്ങളിലാണ് പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കലാപത്തിനുള്ള ആസൂത്രണമായിരുന്നു ഇതെന്നാണ് പോലീസ് ഭാഷ്യം.
ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്‍പ് രണ്ടു തവണയാണ് ഖാലിദ് പ്രകോപനപരമായ പ്രസംഗം നടത്തിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ റോഡുകള്‍ തടയാന്‍ തെരുവിലിറങ്ങാന്‍ ഖാലിദ് ജനങ്ങളോട് ആഹ്വാനം ചെയ്തുവെന്ന് പോലീസ് പറയുന്നു. ജൂലായ് 31നാണ് ഖാലിദിനെ ഇതുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്തത്.
എന്നാല്‍ മുന്‍പ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഖാലിദ് ഇക്കാര്യം നിഷേധിച്ചിരുന്നു. തഹിര്‍ ഹുസൈന്‍, ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥി മീരന്‍ ഹൈദര്‍, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗാര്‍, പിഞ്ചാര ടോഡ്, പൊതുപ്രവര്‍ത്തക നടാഷ നര്‍വാള്‍, ദേവാംഗന കാലിത തുടങ്ങി എട്ടോളം പേരെ യുഎപിഎ ചുമത്തി നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെയ്ത സമരത്തിന്റെ പേരില്‍ തങ്ങളെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ജെ.എന്‍.യു കാംപസിനുള്ളില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ 2016 ഫെബ്രുവരിയില്‍ ഖാലിദ് അറസ്റ്റിലായിരുന്നു. കനയ്യ കുമാര്‍ അടക്കമുള്ളവരും ഖാലിദിനൊപ്പം അറസ്റ്റിലായിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കുറ്റങ്ങള്‍ നിഷേധിച്ച ഇവര്‍, പോലീസ് കെട്ടിച്ചമച്ച വീഡിയോ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.