ന്യൂഡൽഹി: സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ജി20 നേതാക്കളുടെ സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലാക്കാനുള്ള നടപടികളുമായി മുനിസിപ്പൽ കോർപറേഷൻ. ജി20ക്ക് എത്തുന്ന വിദേശ പ്രതിനിധികളുടെ മുന്നിൽ നാണം കെടാതിരിക്കാനായാണ് നടപടി. നഗരം ശുചീകരിക്കുന്ന പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ജി20 പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകൾ, പ്രധാന നഗരകേന്ദ്രങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവക്ക് സമീപത്തെ തെരുവുനായ്ക്കളെയാണ് പിടികൂടി പ്രത്യേക കൂടുകളിലേക്ക് മാറ്റുക.
പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികളുമെടുക്കും. ഇതുസംബന്ധിച്ച് തൊഴിലാളികൾക്ക് കോർപറേഷൻ നിർദേശം നൽകിക്കഴിഞ്ഞു. ജി20 സമ്മേളനം പൂർത്തിയായ ശേഷമേ നായ്ക്കളെ തെരുവിലേക്ക് തുറന്നുവിടൂ. ഡൽഹിയിൽ 60,000ത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.ജി20 ഉച്ചകോടിക്ക് വേദിയാകുമെന്ന പ്രഖ്യാപനം വന്നതുമുതൽ ഡൽഹിയിൽ നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ തകൃതിയാണ്. പലയിടത്തും അനധികൃത കെട്ടിടങ്ങളും ചേരികളും നീക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒമ്പത്, പത്ത് തിയതികളിലാണ് ജി20 ഉച്ചകോടി.