ഡല്‍ഹി : ഡല്‍ഹിയില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 428 കൊവിഡ് പോസിറ്റീവ് കേസുകള്‍. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍കുതിച്ചു ചാട്ടമാണ് ബുധനാഴ്ച ഉണ്ടായത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. നിലവില്‍ 5532 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്.
അതേസമയം 74 ആളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 1542 ആയി. ഡല്‍ഹി വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പില്‍ നിന്നുള്ള പുതുക്കിയ കണക്കുകള്‍ വന്നത്.
കൊവിഡ് വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറാകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നിരവധി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊവിഡിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ മാന്ദ്യം മറികടക്കുന്നതിന് വേണ്ടി മദ്യഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.