ന്യൂഡൽഹി : അവസാന 24 മണിക്കൂറിൽ രാജ്യത്ത് 48,698 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടു തലേ ദിവസത്തെ കണക്കിനേക്കാളും 5.7% കുറവാണ് പ്രതിദിന നിരക്കിൽ ഇന്നു രേഖപ്പെടുത്തിയത്. 1183 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ 3,01,83,143 പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ആകെ 3,94,493 പേർ മരിച്ചു. 2,91,93,085 പേർ ഇതുവരെ രോഗമുക്തരായി. ഇന്നലെ മാത്രം 64,818 പേർ രോഗമുക്തി നേടി.
സജീവ രോഗികളുടെ എണ്ണം 5,95,565 ആയി. ഏപ്രിൽ ഒന്നിനു ശേഷം സജീവ രോഗികളുടെ എണ്ണം ആറു ലക്ഷത്തിൽ താഴെയാകുന്നത് ആദ്യമായാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 2.79% ആണ്. കഴിഞ്ഞ 19 ദിവസങ്ങളായി 5 ശതമാനത്തിൽ താഴെയായി ടിപിആർ നിൽക്കുന്നത് മൂന്നാം തരംഗ ഭീഷണിയിൽനിൽക്കുന്ന രാജ്യത്തിന് ആശ്വാസകരമാണ്.
അവസാന 24 മണിക്കൂറിൽ 61.19 ലക്ഷം പേർക്ക് വാക്സീൻ ഡോസുകൾ നൽകി. ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷൻ പ്രക്രീയയിൽ ഇതുവരെ 31 കോടിയോളം ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ജൂൺ 21ന് 90 ലക്ഷത്തോളം ഡോസുകൾ നൽകി റെക്കോർഡ് സ്ഥാപിച്ചശേഷം അത്രത്തോളം പേർക്ക് വാക്സീൻ നൽകാനായില്ലെന്നത് പോരായ്മയാണ്.
11 സംസ്ഥാനങ്ങളിലായി 48 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് (20), തമിഴ്നാട്ടിൽ ഒൻപതും മഹാരാഷ്ട്രയിൽ ഏഴും പേർക്ക് ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.