കാസർഗോഡ് : ആദിവാസികള്‍ക്ക് കൃഷിഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് കളക്ടറേറ്റിന് മുന്നില്‍ ഗോത്രജനത കൂട്ടായ്മയുടെ ഉപരോധ സമരം. ജില്ലയില്‍ കണ്ടെത്തിയ ഭൂമി എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് ആവശ്യം. ജില്ലാ ട്രൈബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം സമരം അവസാനിപ്പിച്ചു.
അംബേദ്കറുടേയും അയ്യങ്കാളിയുടേയും ചിത്രങ്ങളുമായാണ് ഗോത്ര ജനത കൂട്ടായ്മ കളട്കറേറ്റ് ഉപരോധിച്ചത്. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതി പ്രകാരം കണ്ടെത്തിയ ഭൂമിയില്‍ നിന്ന് ഒരേക്കര്‍ വീതം കൃഷിഭൂമി വിതരണം ചെയ്യണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥരുമായി പല തവണ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്തതിലാണ് ഉപരോധമെന്ന് ഗോത്ര ജനത.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ആദിവാസികള്‍ക്ക് കണ്ടെത്തിയ ഭൂമിയില്‍ നിന്ന് 69 പേര്‍ക്ക് ഭൂമി നല്‍കാൻ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ അനര്‍ഹരുണ്ടെന്നും പുനഃപരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികളും പാട്ടുമായി നേരം ഇരുട്ടിയിട്ടും സമരം തുടര്‍ന്നു. രണ്ട് മാസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന് ജില്ലാ ട്രൈബൽ ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.