ന്യൂഡല്‍ഹി : രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം ഇന്ന് പ്രഖ്യാപിക്കും. ഗുജറാത്തിൽ ഇന്ന് നടക്കുന്ന നിക്ഷേപക സമിതിയിലാകും നയം പ്രഖ്യാപിക്കുക. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ നയം അനുസരിച്ച് കമേഴ്സ്യൽ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.
കഴിഞ്ഞ ബജറ്റിലാണ് ഈ പൊളിക്കല്‍ പദ്ധതി കേന്ദ്രം മുന്നോട്ടുവെച്ചത്. പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കാൻ സ്‍ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി എന്നാണ് പോളിസിയുടെ കരട് രൂപം പറയുന്നത്.
ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നും കരട് രൂപം വ്യക്തമാക്കുന്നതായിട്ടാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകുമെന്നും റോഡ് സുരക്ഷ വർധിക്കുമെന്നും അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.
പൊളിക്കല്‍ പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വാഹന ഉടമകള്‍ക്ക് നഷ്‍ടപരിഹാരം നല്‍കിക്കൊണ്ടാവണം സ്‍ക്രാപ്പ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കേണ്ടതെന്ന നിർദേശം ഡ്രാഫ്റ്റ് പോളിസിയിൽ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പൊളിച്ച വണ്ടിയുടെ ഉടമസ്ഥൻ പുതിയ വണ്ടി വാങ്ങുമ്പോൾ അതിന്‍റെ റോഡ് ടാക്‌സ് ഉൾപ്പടെ ഇളവ് ചെയ്തുകൊടുക്കാനും നിർദേശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.