പത്തനംതിട്ട : സംസ്ഥാന ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും മന്ത്രിക്കുപകരം ഭരണം നടത്തുന്നത് ഭര്‍ത്താവാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്‍റെ നിര്‍മ്മാണത്തില്‍ ഓടയുടെ ഗതിമാറ്റുവാന്‍ കിഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുമണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുമണ്‍ ജംഗ്ഷനില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് നിയമനങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ട് നടത്തുന്ന ക്രമവിരുദ്ധമായ നടപടികള്‍ക്ക് ശേഷം ഇപ്പോള്‍ ഓടയുടെ ഗതിമാറ്റിയ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ഇതിന് ആരോഗ്യവകുപ്പ് മന്ത്രി മറുപടി പറയണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. മന്ത്രിയുടെ കെട്ടിടത്തിന് മുമ്പിലുള്ള ഓഡ നിര്‍മ്മാണത്തിന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് ഭരണ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നതിനായിരുന്നു എന്നതിന് തെളിവാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഓടനിര്‍മ്മാണത്തില്‍ നടത്തിയ അനധികൃത ഇടപെടലിന്‍റെ ജാള്യത മറക്കുവാനാണ് കോണ്‍ഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ മുന്‍ഭാഗം അളക്കുവാന്‍ സ്വകാര്യ വ്യക്തികളേയും ഗുണ്ടകളേയും കൂട്ടി എത്തിയ മന്ത്രി ഭര്‍ത്താവിന്‍റെ നടപടിയെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും നിയമാനുസൃതമല്ലാത്ത സര്‍വ്വേ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഏഴകുളം കൈപ്പട്ടൂര്‍ റോഡിന്‍റെ കൊടുമണ്‍ ഭാഗത്തെ യഥാര്‍ത്ഥ അലൈന്‍മെന്‍റ് പുനസ്ഥാപിച്ച് റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അനില്‍ കൊച്ചുമൂഴിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എം.ജി. കണ്ണന്‍, സജി കൊട്ടയ്ക്കാട്, സക്കറിയ വര്‍ഗ്ഗീസ്, അബ്ദുള്‍കലാം ആസാദ്, എ. വിജയന്‍നായര്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, അഡ്വ. കെ.പി. ബിജിലാല്‍, പ്രകാശ്. റ്റി. ജോണ്‍, മുല്ലൂര്‍ സുരേഷ്, മോനച്ചന്‍ മാവേലില്‍, ലാലി സുദര്‍ശനന്‍, ജോസ് പള്ളുവാതുക്കല്‍, അജികുമാര്‍ രണ്ടാംകുറ്റി, ജയിംസ് കീക്കരിക്കാട്, നിഥിന്‍, പ്രകാശ് പ്രകാശ് മന്ദിരം, എ.ജി. ശ്രീകുമാര്‍, ലിസി റോബിന്‍സ്, സിനി ബിജു എന്നിവര്‍ പ്രസംഗിച്ചു.