തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മംഗലപുരത്തിന് സമീപം കരിച്ചാറയില്‍ ഉണ്ടായ സംഭവത്തിലാണ് മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെബീറിനെതിരെ റൂറല്‍ എസ്.പി അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും നിലത്തുവീണ സമരക്കാരനെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്. കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്കാണ് അന്വേഷണ ചുമതല.