കോന്നി : എൽ ഡി എഫ് ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ നൽകാത്തതിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കോന്നി പയ്യനാമണ്ണ് സ്വദേശി 64 കാരനായ ആനന്ദനാണ് ഇന്നലെ വൈകുന്നേരം അമിതമായ ഗുളികകൾ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ്. നിക്ഷേപ തുക മടക്കി നൽകാത്ത വിഷയത്തിൽ പയ്യനാമണ്ണ് സ്വദേശിയായ 64 കാരനായ ആനന്ദൻ ഉൾപ്പെടെ ഉള്ളവർ സഹകരണ വകുപ്പിലും ഹൈക്കോടതിയെ സമീപിച്ച കേസിൽ നിക്ഷേപകർക്ക് മുൻഗണന അനുസരിച്ച് പണം തിരികെ നൽകണമെന്ന് ഉത്തരവിട്ടെങ്കിലും ഉത്തരവ് നടപ്പായില്ല. തുടർന്ന് മാസങ്ങൾക്ക് മുൻപ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ വലിയ പ്രതിഷേധം നടന്നിരുന്നു.
മുൻഭരണ സമിതിയുടെ കാലത്ത് ഉള്ളതാണ് ബാങ്കിലെ പ്രതിസന്ധി എന്നും ബാങ്കിലേക്ക് കുടിശിക എത്തുന്ന മുറയ്ക്ക് ഉടൻ പണം എല്ലാവർക്കും കൊടുത്ത് തീർക്കുമെന്നും ബാങ്കിലെ പുതിയ ഭരണ സമിതി പറഞ്ഞിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ തുക കിട്ടാനുള്ള ആനന്ദനും കുടുംബവും വലിയ പ്രതിഷേധവും ബാങ്ക് തുറപ്പിക്കാതെ കുത്തിയിരുന്ന് പ്രതിഷേധവും നടത്തിയിരുന്നു. തന്റെ ചികിത്സയ്ക്ക് ഉൾപ്പെടെ ഉള്ള ആവശ്യത്തിന് പണം ഉടൻ കിട്ടണം എന്ന് വെച്ചായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് കിട്ടാനുള്ളത്. കോന്നി പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ പ്രശ്നം എത്തുകയും തവണകളായി പണം നൽകാമെന്ന് ഭരണ സമിതി ഉറപ്പ് നൽകുകയും ആയിരുന്നു. എന്നാൽ ഇത്രയും മാസങ്ങളായി നൽകിയത് വെറും ഒന്നര ലക്ഷം രൂപ മാത്രമാണ് എന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസം ആനന്ദൻ ആർസിബി ബാങ്കിൽ എത്തുകയും പണം തിരികെ ചോദിച്ചതിനെ തുടർന്ന് പ്രശ്നം ഉണ്ടായെന്നും പറയുന്നു. ഭരണ സമിതി ആളുകളുമായും ജീവനക്കാരും പണം ഉടൻ നൽകില്ലെന്നും പറഞ്ഞു തർക്കം ഉണ്ടായതായും പറയുന്നു. തുടർന്ന് വീട്ടിൽ എത്തി അമിതമായി ഗുളികകകൾ വാരി മദ്യത്തിൽ ഇട്ട് കഴിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.