തിരുവല്ല: കഴിഞ്ഞ ആറുമാസകാലത്തിലധികമായി ജീവനക്കാർക്ക് ശമ്പളം നൽകാതെ പ്രവർത്തിക്കുന്ന തിരുവല്ല ട്രാക്കൊ കേബിൾ കമ്പനി, സർക്കാരിന്റെ കെടു കാര്യസ്ഥതയുടെ ജില്ലയിലെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് ആന്റോ ആന്റണി എം. പി. ജില്ലയിൽ യുവാക്കൾക്ക് പുത്തൻ തൊഴിലവസരങ്ങൾ ഉണ്ടാക്കും എന്ന വാഗ്ദാനം നടത്തി തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നവർ നിലവിലുള്ള ഏക പൊതുമേഖലാ സ്ഥാപനം ഊർദ്ധശ്വാസം വലിക്കുന്നത് കണ്ടില്ല എന്ന് നടിക്കുകയാണ്. ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത പ്രോവിഡന്റ് ഫണ്ട് വിഹിതം പോലും യഥാവിധി കൊടുക്കാതെ കമ്പനി മാനേജ്മെന്റും വ്യവസായ വകുപ്പും കടുത്ത അനീതിയാണ് ജീവനക്കാരോട് കാണിച്ചുകൊണ്ടിരിക്കുന്നത്. പെൻഷൻ ആകുന്ന ജീവനക്കാർക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങൾ പോലും കുടിശ്ശികയായി ശേഷിക്കുന്നു.
പ്രവർത്തന മൂലധനം അനുവദിച്ചാൽ ഉത്പാദനം സാധ്യമാവുകയും KSEB ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വർക്ക് ഓർഡറുകൾ ലഭിക്കുകയും ചെയ്യും. ലാഭകരമായി പ്രവർത്തിച്ചു വന്നിരുന്ന കമ്പനിയെ ജീവനക്കാർക്ക് ശമ്പളം പോലും നൽകാതെ കഷ്ടപ്പെടുത്തി സ്വകാര്യ കുത്തക കമ്പനികൾക്ക് മറിച്ച് നൽകുവാൻ ആയി ശ്രമിക്കുന്ന ഭരണകൂടം, കമ്പനി വക ആസ്തികൾ മറിച്ച് വിറ്റ് കോഴ കൈപ്പറ്റാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. തിരുവല്ല കമ്പനിയിൽ 170 ജീവനക്കാർ ജോലി ചെയ്തിരുന്നതിൽ പത്തിലൊന്നു മാത്രമേ ഇന്ന് ഉത്പാദനവും ശമ്പളവും മുടങ്ങിയ കമ്പനിയിൽ എത്തുന്നുള്ളൂ. നിരവധി സമരങ്ങൾ തൊഴിലാളികൾ നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാർ കമ്പനിയിൽ ചില മെഷീനുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഒരു ദിവസം പോലും അതിൽ ഉൽപാദനം നടത്തിയിട്ടില്ല.
പെൻഷൻ ആയ ജീവനക്കാർക്ക് നൽകിയ ചെക്കുകൾ (പെൻഷൻ ആനുകൂല്യത്തിന്റെത്) വണ്ടി ചെക്കായതിനെ തുടർന്ന് ജീവനക്കാർ കോടതിയിൽ കമ്പനിക്കെതിരെ കേസ് നടത്തിയാണ് തങ്ങൾക്ക് ലഭിക്കാനുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയത്. ഇപ്പോൾ കമ്പനിയിൽ ഉണ്ടായിരുന്ന ക്യാന്റീൻ കൂടി അടച്ചിരിക്കുന്ന സാഹചര്യത്തിൽ കമ്പനിയിൽ എത്തുന്ന ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനു പോലും നിർവാഹമില്ല. ശമ്പളം ലഭ്യമായിരുന്ന കാലയളവിൽ കമ്പനിയിലുള്ള സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്തിരിക്കുന്ന ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽ നിന്നും കമ്പനി പിടിച്ചിരുന്ന ലോൺ കുടിശ്ശിക സംഖ്യകൾ കമ്പനി സഹകരണ സംഘത്തിന് അടയ്ക്കാതെ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.
പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് മരുന്നിനും കുട്ടികളുടെ പഠനം ആവശ്യത്തിനുള്ള ശമ്പളപ്പണം കിട്ടാതിരിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ കണ്ണുനീരോടെ ആന്റോ ആന്റണി എം.പിയോട് വിശദീകരിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ ട്രാക്കോ കേബിൾ എംപ്ലോയീസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കരി, എസ്.ടി.യു കൺവീനർ ഷാഫി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജയകുമാർ, മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, കൗൺസിലർ സജി എം. മാത്യു, ഐ. എൻ. ടി. യു. സി ജനറൽ സെക്രട്ടറി ജിജി മൈക്കിൾ,രാജേഷ് മലയിൽ, കൊച്ചുമോൻ, സാം എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.