കോന്നി : കേരളത്തിൽ സാമൂഹിക പരിഷകരണം നടപ്പാവുകയും കേരളം ഇത്രയും സാമൂഹിക പുരോഗതി കൈവരിച്ചിട്ടും ബി ജെ പി സംഘപരിവാർ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമൂഹിക പരിഷകരണം നടപ്പായില്ല എന്ന് നിയമ സഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൽ കലക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സംസ്‍കാരം. വിവിധ ഭാഷകളും സംസ്കാരവുമാണ് ഇന്ത്യയുടേത്. ആ സംസ്കാരമാണ് നമ്മുക്ക് ആവശ്യം. എല്ലാവരെയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുന്ന സംസ്‍കാരമാണ് നമ്മുടേത്. രാമായണവും ഖുർആനും ബൈബിളും എല്ലാം ചേരുന്നതാണ് ഇന്ത്യൻ സംസ്കാരം. ഇത് എല്ലാവരും മറക്കുന്ന കലിയുഗത്തിൽ ആണ് നാം ജീവിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്.
സുനിത വില്യംസ് ബഹിരാകാശ യാത്ര നടത്തി മടങ്ങി വന്നത് നമ്മൾ എല്ലാം കണ്ടതാണ്. അപാരമായ കഴിവുള്ളവനാണ് മനുഷ്യൻ. മൃഗ മനുഷ്യനും മരമനുഷ്യനും കല്ല് മനുഷ്യനും പ്രകാശ മനുഷ്യനുമുണ്ട്. ഇതിൽ പ്രകാശ മനുഷ്യനാണ് ലോകത്തിന് പ്രകാശം പകരുന്നത്. വിവേകാനന്ദനും ചട്ടമ്പി സ്വാമികളും ശ്രീ നാരായണഗുരുവും അടക്കമുള്ള നവോഥാന നായകർ പ്രകാശ മനുഷ്യരിൽ പെടുന്നതാണ്. നല്ല മനുഷ്യൻ ആകണം അന്നതായിരിക്കണം നമ്മുടെ ചിന്ത. ശാസ്ത്രം എത്ര പുരോഗമിച്ചാലും നല്ല മനുഷ്യനെ സൃഷ്ടിക്കുവാൻ ശാസ്ത്രത്തിന് കഴിയില്ല. ഗുജറാത്ത് ലഹളയുമായി ബന്ധപ്പെട്ട സംഭവം ഒരു സിനിമയായി ആവിഷ്കരിച്ചപ്പോൾ സംഘപരിവാറും ബി ജെ പിയും ഇതിനെ എതിർക്കുന്നു. കലാ സൃഷ്‌ടികളെ പോലും ഭയക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംഘാടക സമിതി ചെയർമാൻ പി ആർ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉപഹാര സമർപ്പണം നടത്തി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി ക് രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ, പ്രസിഡന്റ് ആർ മനോജ് കുമാർ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, വിജയ വിൽസൺ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആർ രമേശ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ പ്രദീപ്കുമാർ, എൻ സോയാമോൾ, എൻ കൃഷ്ണകുമാർ, മാത്യു വർഗീസ്, മരിയ എം ബേബി, വി പ്രസാദ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ സുരേഷ്, ആർ രാജീവ് തുടങ്ങിയവർ സംസാരിച്ചു