ചെട്ടികുളങ്ങര : രണ്ടുദിവസമായി മഴ മാറിനിന്നതോടെ ജലനിരപ്പുതാണെങ്കിലും ചെട്ടികുളങ്ങര പഞ്ചായത്തിന്റെ താഴ്ന്നപ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതത്തിനു ശമനമില്ല. വൈദ്യുതിതടസ്സം, കൃഷിനാശം, പകർച്ചവ്യാധി ഭീഷണി, മാലിന്യപ്രശ്നങ്ങൾ തുടങ്ങി ഒരാഴ്ചപെയ്ത കനത്തമഴയിലും കാറ്റിലുമുണ്ടായ കെടുതികളേറെയാണ്. തോടുകളും ജലാശയങ്ങളും കാടുകയറി മൂടിയും മാലിന്യംനിറഞ്ഞും ഉപയോഗശൂന്യമായതുമൂലം പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് പ്രദേശത്ത് ദുരിതംവിതച്ചത്. പഞ്ചായത്ത് നാലാംവാർഡിൽപ്പെട്ട പേള ജവാഹർ കോളനി, കൊയ്ത്താഴത്ത് കോളനി, ശ്രീശൈലം മുക്കിനു തെക്കുവശം തുടങ്ങിയ താഴ്ന്നപ്രദേശങ്ങളിൽനിന്നു വെള്ളം പൂർണമായി ഒഴിഞ്ഞിട്ടില്ല.
ഈ പ്രദേശത്താകെ ദുർഗന്ധംവമിക്കുന്ന മലിനജലം കെട്ടിക്കിടക്കുകയാണ്. ചുറ്റുമുള്ള റോഡുകൾ വെള്ളവും ചെളിയും നിറഞ്ഞുകിടക്കുന്നതിനാൽ പുറംലോകത്തേക്കു കടക്കാനുംകഴിയാത്ത സ്ഥിതിയാണ്. വീടിനുള്ളിൽ വെള്ളംകയറിയ ഏതാനും കുടുംബങ്ങൾ ഉലുവത്തു സ്കൂളിലെ ക്യാമ്പിലേക്കു മാറിയിരുന്നു. ഈ വാർഡിൽത്തന്നെ നൂറോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നു. അച്ചൻകോവിലാറിനോടു ചേർന്നുകിടക്കുന്ന ചെട്ടികുളങ്ങര ഒന്നും രണ്ടും വാർഡുകളിൽപ്പെട്ട അച്ചൻവാതുക്കൽ, കോനാത്ത് കിഴക്കേച്ചിറ, പനച്ചിത്തറകോളനി, പട്ടിരേത്തുഭാഗം, കീച്ചേരിക്കടവ്, വലിയ പെരുമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും മഴ വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. തോടുകളും മറ്റും മാലിന്യംനിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ പെയ്ത്തുവെള്ളം കെട്ടിനിൽക്കുകയും അച്ചൻകോവിലാറ് കരകവിയുകയുംചെയ്തതോടെ നൂറുകണക്കിനു വീടുകളിലും ഗ്രാമീണറോഡുകളിലും വെള്ളംകയറി.
ഇപ്പോൾ വീടുകളിൽനിന്നു വെള്ളമിറങ്ങിയെങ്കിലും ചെളിയും കെട്ടിക്കിടക്കുന്ന മലിനജലവും ഭീഷണി സൃഷ്ടിക്കുന്നു. കന്നുകാലികളെ വളർത്തി ഉപജീവനംകഴിക്കുന്ന ഈ പ്രദേശത്തുകാർക്ക് വീടുവിട്ട് ക്യാമ്പിലേക്കു മാറാനുംകഴിയാത്ത സ്ഥിതിയായിരുന്നു. പൊതുവേ വെള്ളപ്പൊക്കമുണ്ടാകാത്ത 13-ാം വാർഡിൽപ്പെട്ട വിളയിൽ ക്ഷേത്രത്തിനുസമീപവും മാവേലിമുക്കിലും ഇക്കുറി വീടുകളിൽ വെള്ളംകയറി. ഇവിടങ്ങളിൽ ചെറുതോടുകൾ കരകവിഞ്ഞൊഴുകി പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് കിണറുകളുൾപ്പെടെ മലിനമാകുകയും പമ്പുസെറ്റുകളും മറ്റും തകരാറിലാകുകയും ചെയ്തിട്ടുണ്ട്. പേമാരിയിലും വെള്ളപ്പൊക്കത്തിലും വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. ചേമ്പ്, ചേന, കപ്പ, വാഴ തുടങ്ങിയ കരക്കഷി വ്യാപകമായി നശിച്ചുപോയി.