കോന്നി : ശബരിമല മണ്ഡലകാലം ആരംഭിച്ചിട്ടും കോന്നിയിൽ ഗതാഗത ഉപദേശക സമിതി തീരുമാനങ്ങൾ നടപ്പായില്ല. കോന്നി ട്രാഫിക് ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ചുറ്റളവിൽ നാല് ഭാഗത്തേക്കുമുള്ള റോഡുകളിലെ അനധികൃത പാർക്കിങ് പൂർണ്ണമായി ഒഴിവാക്കുവാനും കോന്നി മിനി സിവിൽ സ്റ്റേഷൻ റോഡിൽ പാർക്കിങ് ലൈൻ വരക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ യാതൊന്നും നടപ്പായില്ല. കോന്നി സെൻട്രൽ ജംഗ്ഷനിൽ പോലീസ് ഐയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാനും കഴിഞ്ഞിട്ടില്ല. ശബരിമല മണ്ഡലകാലത്ത് സംസ്ഥാന പാതയിൽ ഓടകളിലെ വെള്ളകെട്ട് കുറക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്നും നിർദേശം നൽകിയിരുന്നു. ഇതിനും പരിഹാരമായില്ല.
ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ വന്നുപോകുന്ന കോന്നി ശബരിമല ഇടത്താവളത്തിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുവാൻ ഉണ്ട്. കോന്നി നഗരത്തിൽ പോലീസ് സ്റ്റേഷൻ റോഡിലും ആനക്കൂട് റോഡിലും ഉൾപ്പെടെ അനധികൃത പാർക്കിങ്ങും ഗതാഗതകുരുക്കും വർധിക്കുകയാണ്. ബസുകൾ റോഡിൽ നിർത്തി ആളുകളെ കയറ്റി ഇറക്കുന്ന സംഭവങ്ങൾക്കും നടപടിയില്ല. സംസ്ഥാന പാതയിൽ ഈ മണ്ഡലകാലത്ത് അപകടങ്ങൾ കുറക്കുന്നതിനും നടപടിയില്ല. പലയിടത്തും വെളിച്ച കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോന്നി നഗരത്തിൽ അനധികൃത കച്ചവടങ്ങൾ വർധിക്കുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. എന്നാൽ ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികളും ഉണ്ടായിട്ടില്ല.