റാന്നി : റാന്നി ഗ്രാമ പഞ്ചായത്തിലെ നാലു വാർഡുകളിൽ കൂടി കടന്നു പോകുന്ന പ്രധാന റോഡ് തകര്‍ന്ന് കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.മന്ദിരം പള്ളിപടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വടശേരിക്കര ചെങ്ങറമുക്കില്‍ എത്തിച്ചേരുന്ന റോഡിനാണീ ദുര്‍ഗതി. വടശേരിക്കര മന്ദിരം പടി റോഡില്‍ നിന്നും തട്ടേക്കാട് വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. ഇരുചക്രവാഹനത്തില്‍ കൂടി യാത്ര ചെയ്താല്‍ അപകടം ഉറപ്പാണ്. ഏകദേശം 3000ത്തിലധികം ജനങ്ങള്‍ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന റോഡിലൂടെ സവാരി പോകാന്‍ ഓട്ടോറിക്ഷകള്‍ മടിക്കുകയാണ്.
എന്ന് ഇതിലെ സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ പോയാൽ ജീവന് ഒരു ഗ്യാരണ്ടിയും ഉണ്ടാവുകയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. റോഡു നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നുള്ള മറുപടിയാണ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് നല്‍കുന്നത്. പരാതി ഏറിയതോടെ റോഡ് തങ്ങളുടേതല്ല എന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. ആരെങ്കിലും ഏറ്റെടുത്ത് തങ്ങള്‍ക്ക് സുഗമ സഞ്ചാരം ഉണ്ടാക്കിനല്‍കണമെന്ന നാട്ടുകാരുടെ ആവലാതിക്ക് ഇപ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമായിട്ടുണ്ട്.