മലപ്പുറം : തൊണ്ടി മുതൽ പോലീസ് സ്റ്റേഷൻ നവീകരണത്തിന് ഉപയോഗിച്ചെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടി പോലീസിന് എതിരെയാണ് പരാതി. മണൽക്കടത്തിനിടെ പിടികൂടിയ ലോറികൾ തിരൂരങ്ങാടി സ്റ്റേഷനടുത്ത് ആഴ്ചകളായി കിടക്കുകയാണ്. സ്റ്റേഷൻ നവീകരണം പുരോഗമിക്കുന്നതിനൊപ്പം ലോറിയിലെ മണലിന്റെ അളവും കുറയുന്നുവെന്നാണ് നാട്ടുക്കാരുടെ പരാതി.
പോലീസ് ലോറി പിടികൂടുമ്പോൾ ഒന്നരയൂണിറ്റ് മണൽ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ വളരെ കുറച്ച് മാത്രമാണ് അവശേഷിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്ത് വന്നിട്ടുണ്ട്.
പോലീസും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് മണൽ മുക്കുന്നതിന് പിന്നിലെന്നും അഴിമതിയാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.