കൊല്ലം : ദേവനന്ദ മുങ്ങിമരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്നും സൂചന. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ കെ.ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫോറൻസിക്ക് വിദഗ്ദ്ധർ ഇളവൂർപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് ദേവനന്ദ മുങ്ങി മരിച്ചത് കുട്ടിയുടെ വീട്ടിൽ നിന്ന് 75 മീറ്റർ അകലെയുള്ള കുളികടവിലായിരിക്കാം എന്ന പ്രാഥമിക നിഗമനത്തിൽ എത്തുന്നത്. ദേവനന്ദയുടെ വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളികടവിലോ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരത്തിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക്ക് സംഘം പരിഗണിക്കുന്നത്. ദുർഘടം പിടിച്ച ഈ വഴിയിൽ പതിയിരിക്കുന്ന അപകട സാധ്യതയും ഫോറൻസിക്ക് വിദഗ്ദ്ധർ വിലയിരുത്തി.
ബണ്ടിനു സമീപത്തല്ല അപകടം സംഭവിച്ചതെന്ന നിഗമനത്തിൽ എത്താനുള്ള കാരണങ്ങളായി ഫോറൻസിക്ക് സംഘം ചൂണ്ടികാണിക്കുന്നത് ഇവയാണ്. ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാൽ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മാത്രമല്ല മൃതശരീരത്തിന് 27 കിലോ മാത്രം ഭാരമായിരുന്നതിനാൽ 190 സെന്റിമീറ്റർ മാത്രം ആഴമുള്ളിടത്ത് വളരെ നേരത്തെ മൃതദേഹം പൊങ്ങുമായിരുന്നു. മുങ്ങി മരിച്ചപ്പോൾ തന്നെ ദേവനന്ദ ചെളിയിൽ താഴ്ന്നുപോകാനും ഇടയുണ്ട്. മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് ജലപ്പരപ്പിൽ പൊങ്ങി ഒഴുക്കിൽപ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളു വള്ളിയിൽ കുടുങ്ങി നിന്നതെന്നും കരുതുന്നു. കുടവട്ടൂരിലെ വീട്ടിലും ഒരു വർഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറൻസിക്ക് സംഘം പരിശോധിച്ചത് ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു.