ശബരിമല : പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയകരമായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പോലീസിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. എസ്. ശ്രീജിത്തുമായുള്ളള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാം പടിയില്‍ പോലീസിന്റെ ഡ്യൂട്ടി സമയം ഇരുപതില്‍ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റില്‍ 80 പേരെ എങ്കിലും കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ കഴിയുന്നു. അതിനാല്‍ ഭക്തര്‍ക്ക് ഏറെ നേരം വരി നില്‍ക്കേണ്ട അവസ്ഥയില്ല. വിര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താന്‍ കഴിയുന്നു.
കഴിഞ്ഞ തവണത്തെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഫാസ്ടാഗ് സംവിധാനം വിജയമായതിനാല്‍ തുടരും. തീര്‍ഥാടനകാലം തുടങ്ങിയ ശേഷം ശ്രദ്ധയില്‍പ്പെട്ട ജ്യോതിനഗര്‍, നടപ്പന്തല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്‌നം പരിഹരിച്ചു. പ്രത്യേകം കിയോസ്‌കുകള്‍ ഒരുക്കിയാണ് നടപ്പന്തല്‍, ബാരിക്കേഡ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നത്. യഥാസമയം പ്രസാദം ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ മാസം തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.