തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി കാരണം ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും. ജീവനക്കാര്‍ക്ക് ഒരുമാസത്ത ശമ്പളം കൂടി നല്‍കാനുള്ള തുക മാത്രമേ കൈയ്യിലുള്ളൂവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിച്ചാലെ മുന്നോട്ട് പോകാനാകൂവെന്നും എന്‍. വാസു വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മൂന്ന് മാസത്തിലധികമായി ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. ശബരിമല ഉള്‍പ്പടെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും വഴിപാട് ഇനങ്ങളില്‍ നിന്നുമുള്ള വരുമാനം നിലച്ചതോടെ ബോര്‍ഡ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവില്‍ സമാഹരിക്കാന്‍ കഴിയുന്ന മറ്റ് സാമ്പത്തിക സ്രോതസുകള്‍ ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ഒരുമാസം കൂടി ശമ്പളം നല്‍കി കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി രൂക്ഷമാകുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
ബജറ്റിന് പുറമെ സര്‍ക്കാരില്‍ നിന്ന് 100 കോടി രൂപ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭ്യമായാലെ ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാന്‍ കഴിയുള്ളുവെന്നും എന്‍. വാസു വ്യക്തമാക്കി. മൂന്ന് മാസമായി ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ 250 കോടിയോളം രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. മാസം 50 കോടിയോളം രൂപയാണ് ശമ്പള ഇനത്തില്‍ ബോര്‍ഡിന് ഉണ്ടാകുന്ന ചിലവ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉടനെ ഭക്തരെ പ്രവേശിപ്പിക്കാനും ബോര്‍ഡിന് സാധിക്കാത്ത അവസ്ഥയാണ്. വരുമാനത്തിനായി ഓണ്‍ലൈന്‍ വഴിപാട് ഉള്‍പ്പെടെ നടപ്പിലാക്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഓണ്‍ലൈന്‍ വഴിപാടിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെന്നും ബോര്‍ഡ് വിലയിരുത്തുന്നു.