പത്തനംതിട്ട : കരാറുകാരന്റെ പേരില്‍ വ്യാജ ഒപ്പിട്ട് അതേ പേരുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ശബരിമല ദേവസ്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലയ്ക്കല്‍ ദേവസ്വത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നത്. സംഭവത്തില്‍, വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കൊല്ലം പട്ടത്താനം സ്വദേശിയായ കരാറുകാരന്‍ വിതരണം ചെയ്ത 30 ലക്ഷം രൂപയുടെ സാമഗ്രികള്‍ക്ക് നല്‍കിയ പ്രതിഫലത്തിലായിരുന്നു തട്ടിപ്പ്. 8,20,935 രൂപ ചെക്ക് മുഖേന പ്രതിഫലം നല്‍കി. ബാക്കി പണം കൂടെ കരാറുകാരന്‍ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ജനുവരി മെയ് മാസങ്ങളില്‍ 39,17,172 രൂപയും, 11,28,922 രൂപയും കരാറുകാരന് കൈമാറിയതായി വ്യാജരേഖ ഉണ്ടാക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഈ രണ്ടു തുകയും കരാറുകാരന് ലഭിച്ചിട്ടില്ലെന്ന് മനസ്സിലായി. വൗച്ചറില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയതാണെന്നും വിജിലന്‍സ് കണ്ടുപിടിച്ചു.
ദേവസ്വം ജീവനക്കാര്‍ക്കായി നടത്തുന്ന മെസ്സിലേക്ക് 30 ലക്ഷം രൂപയുടെ സാമഗ്രികള്‍ വിതരണം ചെയ്ത സ്ഥാനത്ത് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായാണ് രേഖകളില്‍ കണ്ടെത്തിയത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ ദേവസ്വംബോര്‍ഡ് സംരക്ഷിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.