പത്തനംതിട്ട : രാവിലെ ഏഴ് മണി മുതല്‍ ദേവസ്വം മെസ്സില്‍ പ്രാതല്‍ തയ്യാറായിരിക്കും. ഉച്ചയൂണും അത്താഴവും കഴിഞ്ഞ് രാത്രി 9.30 ന് അടയ്ക്കുന്നതുവരെ മെസ്സ് സജീവം. ശബരിമലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എക്കാലവും ആശ്വാസമാണ് ഈ മെസ്സ്. പോലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 2000ല്‍ പരം ജീവനക്കാരാണ് ഭക്ഷണത്തിനായി ദേവസ്വം മെസ്സിനെ ആശ്രയിക്കുന്നത്.
പ്രാതലിന് ഇഢലിയും ദോശയും ഉപ്പുമാവും മാറിമാറി നല്‍കും. കടലയോ ഗ്രീന്‍ പീസോ ആയിരിക്കും കറി. ഉച്ചയ്ക്ക് പുഴുക്കലരി ചോറും സാമ്പാറും. ചിലപ്പോള്‍ അത് പുളിശ്ശേരിയും രസവുമാകും. വൈകുന്നേരം നാലിന് ചായയും ചെറുകടിയും. അമ്പതോളം പാചകക്കാരാണ് ജീവനക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി മെസ്സില്‍ പണിയെടുക്കുത്. അത്രയും പേര്‍ വിളമ്പാനുമുണ്ട്. പ്രധാന ഊട്ടുപുരയ്ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അതത് ഓഫീസ് പരിസരത്തും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.
വടുതല സ്വദേശിയായ ഗോപിനാഥന്‍പിള്ളയാണ് ഇവിടുത്തെ പ്രധാന പാചകക്കാരന്‍. അദ്ദേഹം പുതുക്കക്കാരനല്ല. ശബരീശ സിധിയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയമുണ്ട്. പൂര്‍ണ തൃപ്തിയോടെയാണ് ആ പ്രവൃത്തി നിര്‍വഹിക്കുന്നത്. ഫുഡ് ആന്റ് സേഫ്റ്റി നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് മെസ്സിന്റെ പ്രവര്‍ത്തനം. പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലോ വൃത്തിയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് മെസ്സിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. ഷിബു പറഞ്ഞു.