തിരുവല്ല : ജാതീയമായ വേർതിരിവ് കാണിക്കുന്നത് പൂജാരിമാരോ ബ്രാഹ്മണരോ അല്ല വിവിധ രാഷ്ട്രീയ മുന്നണികളാണെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം. രാഷ്ട്രീയക്കാർ കോഴവാങ്ങി നടത്തിയിരുന്ന ക്ഷേത്ര പൂജാരി നിയമനം സുതാര്യമായ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ വേണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ആദ്യമായി 2010 – ൽ നിവേദനം നൽകിയത് അഖില കേരള തന്ത്രി മണ്ഡലവും യോഗക്ഷേമസഭയുമാണെന്ന് സർക്കാർ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. പൂജാരി നിയമനത്തിൽ സംവരണം ഏർപ്പെടുത്തിയതിനെ നാളിതുവരെ ഒരു ബ്രാഹ്മണ സംഘടനകളും എതിർത്തിട്ടില്ല. എന്നിട്ടും യഥാസമയം ഒഴിവുകൾ റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യാൻ പോലും തയ്യാറാകാത്ത ദേവസ്വം ബോർഡുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ 2വർഷങ്ങളായി ചെറുവിരലനക്കാത്ത മന്ത്രി എന്ത് പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം.
ജാതീയമായി കണക്കുപറഞ്ഞ് സ്ഥാനമാനങ്ങൾ പങ്കിടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ പട്ടികജാതി- പട്ടികവർഗ്ഗ ഫണ്ടുകളിൽ കൈയിട്ടുവാരുന്നതല്ലാതെ ഏതൊക്കെ ഉന്നത സ്ഥാനങ്ങളിൽ അവർക്ക് പ്രാതിനിധ്യം നൽകി എന്ന് ധവളപത്രം ഇറക്കുവാൻ തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ജാതീയമായ വേർതിരിവല്ല കീഴ് ജീവനക്കാർക്ക് ഭദ്രദീപം തെളിയിക്കാൻ ആദ്യ അവസരം നൽകിയതിലുള്ള അസഹിഷ്ണുതയാണ് ദേവസ്വം മന്ത്രിയ്ക്ക് ഉള്ളത്. സത്യം മനസ്സിലാക്കിയതിനാലാണ് കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗം ഒന്നടങ്കം പാവപ്പെട്ട പൂജാരിമാർക്കൊപ്പം നിൽക്കുന്നതെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലം രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ പാൽക്കുളങ്ങര ഗണപതി പോറ്റി, പി.ആർ.ഓ.കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി, രജിസ്ട്രാർ വാളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.