പത്തനംതിട്ട : വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ക്രിയാത്മകമായ പദ്ധതികള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2022-23 സാമ്പത്തികവര്‍ഷത്തെ ജില്ലാ ആസൂത്രണ സമിതിയുടെ വാര്‍ഷിക പദ്ധതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം കൃത്യസമയത്ത് ആരംഭിച്ച് പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ആദ്യ ഘട്ട പദ്ധതികളുടെ അംഗീകാരത്തിനായുള്ള യോഗമാണ് നടന്നത്. 31 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനിവാര്യമായ പദ്ധതികളും കേന്ദ്ര ധനകാര്യ കമ്മീഷന്‍ തുക ഉള്‍പ്പെടുത്തിയുള്ള പദ്ധതികളും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കും ആസൂത്രണ സമിതി അനുമതി നല്‍കി. എഡിഎം അലക്‌സ് പി തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യൂ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.