ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനെ രാജ്യാന്തരനിലവാരത്തിലുള്ള സ്റ്റേഷനാക്കി വികസിപ്പിക്കുന്നതിന് രൂപരേഖയായി. ഇതിന്റെ അന്തിമാനുമതിക്കായി റെയിൽവേബോർഡിനു സമർപ്പിച്ചു. ബോർഡിന്റെ അനുമതിലഭിച്ചാൽ ശബരിമല സീസൺ കഴിയുമ്പോൾ സ്റ്റേഷനിലെ പഴയകെട്ടിടങ്ങൾ പൊളിച്ചു തുടങ്ങും. റെയിൽവേ ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി രൂപരേഖ സംബന്ധിച്ച് ചർച്ചയുണ്ടായിരുന്നു. രൂപരേഖയിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ചില നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതുംകൂടി പരിഗണിച്ചായിരിക്കും ബോർഡ് അനുമതി നൽകുക.
ശബരിമല തീർഥാടകർ ഏറ്റവുംകൂടുതൽ ആശ്രയിക്കുന്ന സ്റ്റേഷനെന്ന നിലയിലാണ് ചെങ്ങന്നൂർ സ്റ്റേഷനെ രാജ്യാന്തരനിലവാരത്തിലാക്കാൻ തീരുമാനിച്ചത്. ഇതിനായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. സ്റ്റേഷൻ കെട്ടിടം ഇപ്പോഴുള്ള തറനിരപ്പിനെക്കാളും ഉയർത്തിയായിരിക്കും പണിയുക. സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ തൂണുകളിലായിരിക്കും പുതിയ സ്റ്റേഷൻ നിർമിക്കുന്നത്. അഞ്ചു നിലകളുണ്ടാകും. ടിക്കറ്റ് കൗണ്ടർ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലായിരിക്കും. സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ എസ്‌കലേറ്ററിൽ മുകളിലെത്തി ടിക്കറ്റെടുത്തുവേണം പ്ലാറ്റുഫോമുകളിലേക്ക് പോകാൻ. രൂപരേഖയനുസരിച്ച് പിൽഗ്രീം സെന്ററിന്റെ രണ്ടു നിലകൾ പൂർണമായും തീർഥാടകർക്കു വിശ്രമത്തിനായി മാറ്റിവെക്കും. ഒരുനിലയിൽ ഭക്ഷണം വെച്ചുകഴിക്കാനുള്ള സൗകര്യമുണ്ടാകും. നിലവിലുള്ള റെയിൽവേ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും പൊളിച്ചുനീക്കും.