വെച്ചൂച്ചിറ : പരുവ മഹാദേവ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ സത്രം സമാപിച്ചു. ഇന്ന് പ്രതിഷ്ഠാ വാർഷികവും സത്രമംഗള സഭയും നടക്കും. ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെയാണ് യജ്ഞശാല ഉണർന്നത്. തുടർന്ന് ലളിത സഹസ്ര നാമജപം, സമൂഹ വിഷ്ണു സഹസ്ര നാമജപം എന്നിവ നടത്തി. പിന്നീടാണ് ദേവീഭാഗവത പാരായണം ആരംഭിച്ചത്. ഗായത്രി വർണനം, ഗായത്രി കവചം, ഗായത്രി സഹസ്രനാമ സ്തോത്രം, ഗൗതമശാപം, മണിദീപ വർണനം, പൂരാണ ഫലദർശനം എന്നിവ പാരായണം ചെയ്തു. പ്രതിഷ്ഠാദിനമായ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശ കളഭ പൂജകൾ,
സമ്പൂർണ കളഭാഭിഷേകം എന്നിവയ്ക്കു ശേഷം മരപ്പാണി കൊട്ടി കലശാഭിഷേകം നടത്തി. വൈകിട്ട് യജ്ഞശാലയിലെ ഭദ്രദീപം ശ്രീകോവിലിൽ സമർപ്പിച്ച് ദീപാരാധന നടക്കും. സത്രമംഗള സഭ പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് സോനു എസ്.കൊട്ടാരത്തിൽ അധ്യക്ഷനാകും. വെച്ചൂച്ചിറ മധു മുഖ്യപ്രഭാഷണവും തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി, യജ്ഞാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും.