കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട് ഉത്സവം ആഘോഷിച്ച് തേവലശേരില്‍ ദേവീക്ഷേത്രം. 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടെ തീയാട്ട്. എല്ലാ ദിവസവും രാത്രി വൈകിയാണ് തീയാട്ട് ആരംഭിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഉച്ചയോടെ തന്നെ ആരംഭിക്കും. ക്ഷേത്ര ഗജ മണ്ഡപത്തില്‍ രൗദ്ര രൂപിണിയായ ഭദ്രകാളിയുടെ രൂപം ചിത്രീകരിക്കുകയായിരുന്നു ആദ്യം. കളമെഴുത്തിനു അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിപ്പൊടി, പച്ചപ്പൊടി ,മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പുപൊടി എന്നീ പഞ്ചവര്‍ണ്ണങ്ങളാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് വെറ്റില, പാക്ക്, നാളികേരം, നെല്ല്, അരി, വിളക്കുകള്‍ എന്നിവ കൊണ്ട് കളം അലങ്കരിച്ചു. തീയാട്ട് വിളംബരത്തിനായി സന്ധ്യക്ക് കോട്ടും നടത്തി.
ഇതിനുശേഷം അഷ്‌ടമംഗല്യവുമായി ക്ഷേത്രത്തില്‍ നിന്നും ദേവിയെ ആവാഹിച്ച് എതിരേറ്റ് കളത്തിലേക്ക് എത്തിച്ചു. ദേവിയുടെ കേശാദിപാദവുംപാദാദികേശവുമടക്കം സ്‌തുതി കീര്‍ത്തനങ്ങള്‍ ആലപിച്ചു.
കളത്തില്‍ നിന്ന് ദേവീചൈതന്യം ആവാഹിച്ച് രൗദ്രരൂപിണിയായി ശ്രീ ഭദ്രകാളിയുടെ വേഷം കെട്ടുന്നു. ദാരികവധം കഴിഞ്ഞ് കോപാകുലയായി ദാരിക ശിരസ്സുമായി കൈലാസത്തില്‍ എത്തുന്ന ഭാഗം മുതലാണ് അഭിനയിച്ചത്. പരമശിവനായി നിലവിളക്കിനെ സങ്കല്‌പിക്കുന്നു. ശിരസ് പിതാവിന് സമര്‍പ്പിച്ച ദാരികവധം കഴിഞ്ഞ കഥ നൃത്തത്തില്‍ കൂടിയും അഭിനയത്തില്‍ കൂടിയും ശ്രീ പരമേശ്വരനെ പറഞ്ഞ് മനസ്സിലാക്കുന്നതാണ് അവതരിപ്പിക്കുന്നത്. തീയാട്ടിന്റെ അവസാനം പന്തം കത്തിച്ച് ഉഴിഞ്ഞ് തെള്ളിപ്പൊടി എറിഞ്ഞ് ഭൂതപ്രേതാദികളെയും മറ്റു ദോഷങ്ങളും അകറ്റുന്നു. അവസാനം മുടി അഴിച്ച് ഉഴിഞ്ഞതോടെ ചടങ്ങുകള്‍ സമാപിച്ചു. ശത്രുദോഷത്തിനും ഭൂതപ്രേതാദി ബാധകളെ ഒഴിപ്പിക്കുന്നതിനും വസൂരി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ വരാതിരിക്കാനും മറ്റ് ഉദ്ദിഷ്‌ടകാര്യസാധ്യതക്കും ദേവീ പ്രീതിക്കുവേണ്ടിയാണ് തീയാട്ട് നടത്തുന്നത്. നിരവധി ഭക്‌തര്‍ തീയാട്ട് വഴിപാടിനായി സമീപിക്കുന്നുണ്ടെന്നും ഇതിന് അനുസരിച്ചുള്ള സൗകര്യങ്ങളും വികസനവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഭരണ സമിതി അറിയിച്ചു. ആറാട്ടോടെ ഉത്സവം ഇന്ന് സമാപിക്കും.