പത്തനംതിട്ട : മകരവിളക്ക് ദർശനത്തിന് ശേഷം മല ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഭക്തർ കൂട്ടമായി മലയിറങ്ങുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ കൂടുതൽ സുരക്ഷയുടെ ഭാഗമായാണിത്. അടുത്തകാലത്ത് കുസാറ്റിൽ തിരക്ക് മൂലം ഉണ്ടായ അപകടം പോലീസിന് മുന്നിൽ പാഠമായതിനാൽ കൃത്യമായ ഏകോപനം ഇക്കാര്യത്തിൽ നടപ്പിലാക്കുകയാണ്. നിലവിലുള്ള 2500 പോലീസുകാ൪ക്ക് പുറമേ 250 ഉദ്യോഗസ്ഥ൪ കൂടി മകരവിളക്ക് സമയത്ത് സന്നിധാനത്തുണ്ടാകും. അതിന് പുറമേ, 125 പേരടങ്ങുന്ന ബോംബ് സ്ക്വാഡും റാപ്പിഡ് ആക്ഷ൯ ഫോഴ്സും എന്‍ഡിആ൪എഫ് സംഘവും പോലീസ് കമാ൯ഡോകളും സുരക്ഷയുറപ്പാക്കാ൯ രംഗത്തുണ്ടാകും. മകരവിളക്ക് സമയത്ത് രണ്ട് ഷിഫ്റ്റുകളിലുമുള്ള പോലീസ് സേന ഡ്യൂട്ടിയിലുണ്ടാകും.
മകരവിളക്ക് ദർശനം കഴിഞ്ഞ് തിരികെ പോകുന്ന ഭക്തർക്കായി നാല് എക്സിറ്റ് റൂട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. പാണ്ടിത്താവളം ജംഗ്ഷനിൽ നിന്ന് വലതുഭാഗത്ത് കൂടി താഴെ മാളികപ്പുറത്തേക്കുള്ള ഇറക്കം ഇറങ്ങി അന്നദാന മണ്ഡപത്തിന്റെ പുറകിലൂടെ ബെയ്ലി പാലം കയറി ജീപ്പ് റോഡിലേക്ക് എത്തുന്നതാണ് ഒന്നാമത്തെ റൂട്ട്. പാണ്ടിത്താവളം ജംഗ്ഷനിൽ നിന്ന് ഇടതുഭാഗത്തിലൂടെ ദർശന കോംപ്ലക്സിന്റെ താഴ്ഭാഗത്ത് കൂടി കൊപ്രാക്കളം വഴി നടപ്പന്തലിന്റെ പിൻവശത്തു കൂടെ കെ.എസ്.ഇ.ബി ജംഗ്ഷനിൽ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ് രണ്ടാമത്തെ റൂട്ട്. മൂന്നാമത്തെ റൂട്ട് മാളികപ്പുറം ഭാഗത്തുനിന്ന് പ്രധാന നടപന്തലിലൂടെയും ഫ്ലൈ ഓവറിലൂടെയും കെഎസ്ഇബി ജംഗ്ഷനിൽ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ്. വടക്കേ നടയുടെ പിൻഭാഗത്ത് ദർശനത്തിനായി നിൽക്കുന്നവർക്ക് ദേവസ്വം മെസ്സ് ഭാഗത്തുകൂടിയും ഭസ്മക്കുളം വഴിയും ബെയിലി പാലത്തിൽ എത്തി ജീപ്പ് റോഡിൽ എത്തുന്നതാണ് നാലാമത്തെ എക്സിറ്റ് റൂട്.