കവിയൂർ : മഹാദേവക്ഷേത്രത്തിൽ ഇടിഞ്ഞുവീണ മതിൽക്കെട്ട് പുനർനിർമിക്കാത്ത ദേവസ്വം ബോർഡ് നടപടിക്കെതിരേ ഭക്തജനപ്രതിഷേധം. നൂറ്റാണ്ടുകളുടെ പഴക്കംവരുന്ന ചുറ്റുമതിലാണ് ഒരുവർഷമായി തകർന്നു വീണുകിടക്കുന്നത്. പടിഞ്ഞാറനടയിൽ കീഴ്തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഭാഗമാണ് നിലംപൊത്തി കാടുമൂടിയത്. ഇതിനാൽ ചെങ്കല്ലിൽ തീർത്ത മതിലിന്റെ ബാക്കിയിടം അപകടഭീഷണി ഉയർത്തുന്നുണ്ട്. ചുറ്റുമതിലിനെ താങ്ങിനിർത്തുന്ന കെട്ടുകൾ മരങ്ങളുടെ വേരുകളിറങ്ങി അടർന്ന് മാറിയനിലയിലാണ്.
ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥ. താഴേക്ക് ഇറങ്ങാനുള്ള പടിക്കെട്ടിന്റെ മിക്ക ടൈലുകളും ഇളകിയിട്ടുണ്ട്. ചവിട്ടുമ്പോൾ തെന്നിവീഴാൻ ഇടയാകുന്നു. ഇതിനോട് ചേർന്ന് നിർമിച്ചിട്ടുള്ള സുരക്ഷവേലിയുടെ കമ്പികളുടെ വെൽഡിങ് വിട്ടുപോയത് കയറുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു. മതിൽക്കെട്ട് ഇടിഞ്ഞുവീണത് ശക്തമായിപെയ്ത മഴയിലായിരുന്നു. ആ സമയം ഇതിന് സമീപത്തെ വീടുകളുടെ മുറ്റത്താണ് കല്ലും മണ്ണും അടക്കം പതിച്ചത്.അതിനാൽ ആർക്കും അപകടം പിണഞ്ഞില്ല. ക്ഷേത്രം അടച്ചതിനുശേഷമായത് ഭക്തർക്കും രക്ഷയായി. കവിയൂർ ക്ഷേത്രത്തോട് അധികൃതർ അവഗണന കാട്ടുന്നതായാണ് ക്ഷേത്രോപദേശക സമിതിയുടെ ആക്ഷേപം. ഉപദേശകസമിതിയും ഭക്തരും പ്രതിഷേധിച്ചു.