ദില്ലി: കടക്കെണിയില്‍പ്പെട്ട് 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്സ് വീണ്ടും ചിറകുവിടര്‍ത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഐ) പറക്കല്‍ അനുമതി ലൈസന്‍സായ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയതായി ഉടമസ്ഥരായ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം. ജൂലൈ 28 ന് പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിലൂടെ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം അറിയിച്ചു.
ജെറ്റ് എയര്‍വേസിന്റെ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ സാധിച്ചതില്‍ ഏവിയേഷന്‍ റെഗുലേറ്ററിനും വ്യോമയാന മന്ത്രാലയത്തിനും മറ്റ് പങ്കാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം പ്രതികരിച്ചു. ‘ജെകെസി (ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം) ജെറ്റ് എയര്‍വേയ്‌സിന്റെ പുനരുജ്ജീവനത്തിനായി പൂര്‍ണമായും സമര്‍പ്പിതമാണ്. എയര്‍ലൈനിന്റെ വിജയം ഉറപ്പാക്കാന്‍ സമഗ്രമായ തന്ത്രം നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വരുന്ന ആഴ്ചകളില്‍ ജെറ്റ് എയര്‍വേയ്‌സ് പുനരുജ്ജീവിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും വ്യവസായ പങ്കാളികളുമായും ഓഹരി ഉടമകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും’ – പ്രസ്താവനയില്‍ പറഞ്ഞു.