കൊച്ചി: ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരിയോട് വൈദ്യപരിശോധനയ്ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഡിജിസിഎ. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്മാന്‍ പൈലറ്റാണ് ആദം ഹാരി. സ്ത്രീ ആയിരുന്നപ്പോള്‍ തുടങ്ങിയ പൈലറ്റ് പഠനം പുരുഷനായി മാറിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ആദം. ട്രാന്‍സ്ജെന്റര്‍ ഐഡി നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് പൈലറ്റാവുമ്പോള്‍ ആവശ്യമായ ഗൈഡ്‌ലൈന്‍ നമ്മുടെ രാജ്യത്ത് ഇല്ല.
ചെറുപ്പം മുതല്‍ സ്വപ്നം കണ്ട പൈലറ്റ് എന്ന മോഹം ഉപേക്ഷിക്കുവാന്‍ ആദം തയ്യാറല്ല. തന്റെ സ്വാഭാവികമായ സ്വത്വം മറച്ചുവെച്ചുകൊണ്ടൊരു മുന്നോട്ടുപോക്കിന് ആദം എന്ന വ്യക്തിക്ക് സാധ്യമല്ലായിരുന്നു. സര്‍ജറിയിലൂടെ ശരീരം കൊണ്ടും മനസ്സുകൊണ്ടും പുരുഷനായി മാറിയതോടെ കൊമേഷ്യല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കാനും ആദത്തിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന ഗുരുതരമായ ഒരു അവസ്ഥയുടെ നേര്‍സാക്ഷ്യമാണ് ഈ ചെറുപ്പക്കാരന്‍. ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് പൈലറ്റെന്ന സ്വപ്നത്തിലേക്ക് ആദംമുന്നേറിയത്.
2018ലാണ് ആദം ഹോര്‍മോണ്‍ തെറാപ്പി ആരംഭിക്കുന്നത്. എട്ട് മാസം മുമ്ബ് ശസ്ത്രക്രിയയും നടത്തി. 2019ല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ പരിശീലനം നേടുന്നതിന് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. 2020ല്‍ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ വനിത വിഭാഗത്തില്‍ പങ്കെടുക്കാന്‍ ഡിജിസിഎ നിര്‍ബന്ധിച്ചിരുന്നെന്നും ആദം ഹാരി പറഞ്ഞിരുന്നു.