തിരുവനന്തപുരം: സർക്കാർ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്ന് നിയുക്ത ഡിജിപി റവാഡ ചന്ദ്രശേഖർ. ജനങ്ങൾക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നു സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ. നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂർ എ.എസ്.പി യായിരുന്നു. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു റവാഡ. നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാർ. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു.