തിരുവനന്തപുരം: കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാനിരിക്കെ പകരക്കാരനെ ചൊല്ലി സേനയില്‍ ചേരി തിരിഞ്ഞ് നീക്കങ്ങള്‍. സാധ്യതയില്‍ മുന്‍പന്തിയിലുള്ള ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ശ്രമങ്ങള്‍. രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകള്‍ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനും ചേരികള്‍ രംഗത്തുണ്ട്. ജൂണ്‍ 30നാണ് ലോക്നാഥ് ബെഹ്റ വിമരിക്കുന്നത്. സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്റക്ക് നറുക്കുവീണാല്‍ അടുത്തമാസം കേരളം വിടും. സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്ന പട്ടികയില്‍ നിന്നാണ് പുതിയ ഡിജിപിയാകാനുള്ളവരെ കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ നിന്നും ഒരാളെ സംസ്ഥാനത്തിന് തീരുമാനിക്കാം.
1989 ബാച്ചുവരെയുള്ള ഉദ്യോഗസ്ഥരുടെ പേര് കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം 10 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ഗണനയുള്ളത് ഡിജിപിമാരായ ടോമിന്‍ തച്ചങ്കരിക്കും വിജലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും. മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട സുധേഷ് കുമാറിനെ പോലീസ് മേധാവിയാക്കാനുള്ള കരുക്കളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നീക്കുന്നത്. പോലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കാനാണ് പോലീസ് ആസ്ഥാനത്തെ ചിലരുടെ നീക്കങ്ങള്‍. സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കാനായി രണ്ടു വര്‍ഷം മുമ്പ് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചുവെങ്കിലും ഇതേവരെ കുറ്റപത്രം നല്‍കിയില്ല. ഈ കേസ് എഴുതി തള്ളാന്‍ പോലീസ് ആസ്ഥാനത്ത് നീക്കങ്ങള്‍ ആരംഭിച്ചു.
അതേസമയം ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പുനരന്വേഷണം വിജിലന്‍സ് നടത്തുകയാണ്. തുടരന്വേഷണത്തില്‍ ആദ്യ അന്വേഷണത്തിലെ കണ്ടത്തലുകള്‍ തെറ്റെന്ന നിഗമനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് എത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി വരുന്നതുവരെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തിക്കാതിരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് തച്ചങ്കരി അനുകൂലികള്‍ പറയുന്നത്.