തിരുവനന്തപുരം : മോഹൻലാല്‍ നായകനായെത്തിയ പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. റിലീസിനുശേഷം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപിക്കാണ് സുഭാഷ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ.
എമ്പുരാനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും രംഘത്തെത്തി. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്ത തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു.