ധാക്ക : ബംഗ്ലദേശിലെ രൂപ് ഗഞ്ചിലെ ആറു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 49 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 49 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപെടുന്നതിനായി ചിലര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയതായും റിപ്പോര്‍ട്ടുണ്ട്.
ജ്യൂസ് ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. താഴത്തെ നിലയിലുണ്ടായ അഗ്നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തില്‍ വേഗം പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. പതിനെട്ടോളം അഗ്നിശമന സേന യൂണിറ്റുകളാണ് ഫാക്ടറിയിലെ തീയണയ്ക്കാനായി എത്തിയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബന്ധുക്കളും മറ്റുള്ളവരും അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റും പുറത്തേക്കിറങ്ങാന്‍ ആകെയുള്ള എക്സിറ്റ് ഗേറ്റും അപകട സമയത്ത് അടഞ്ഞുകിടക്കുകയായിരുന്നെന്ന് ഫാക്ടറി ജീവനക്കാരുടെ ബന്ധുക്കളും രക്ഷപെട്ട തൊഴിലാളികളും ആരോപിച്ചു. കെട്ടിടം കൃത്യമായ അഗ്നിസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഫാക്ടറി തീപിടുത്തം ബംഗ്ലാദേശില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കാറുണ്ട്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നിട്ടും ദക്ഷിണേഷ്യന്‍ രാജ്യത്തെ ഇപ്പോഴും ബാധിക്കുന്ന സുരക്ഷാ വീഴ്ചകളാണ് ഇവയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പശ്ചാത്യ ബ്രാന്‍ഡ് കമ്പിനികളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്നത്. ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നാണ് ആരോപണം.
2019 ഫെബ്രുവരിയില്‍ ഈ പ്രദേശത്ത് വലിയ തീപിടുത്തമുണ്ടായിരുന്നു. അപ്പാര്‍ട്ടുമെന്റുകള്‍, കടകള്‍, വെയര്‍ഹൗസുകള്‍ എന്നിവക്കാണ് തീപിടിച്ചത്. അന്ന് 67 പേര്‍ മരിച്ചു. ഓള്‍ഡ് ധാക്കയില്‍ രാസവസ്തുക്കള്‍ അനധികൃതമായി സൂക്ഷിക്കുന്ന വീട്ടില്‍ 2010 ല്‍ ഉണ്ടായ മറ്റൊരു തീപിടുത്തത്തില്‍ 123 പേര്‍ മരിച്ചു. 2013 ല്‍ ധാക്കയ്ക്ക് സമീപം ഒരു വസ്ത്ര ഫാക്ടറി സമുച്ചയം തകര്‍ന്ന് 1,100 ല്‍ അധികം ആളുകള്‍ മരിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ കര്‍ശന സുരക്ഷാ നിയമങ്ങള്‍ ഏര്‍പ്പെടുത്തി.