ധനുഷ് ചിത്രമായ ഡി51 ന്റെ ചിത്രീകരണം നിര്‍ത്തിവെച്ച് പോലീസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുപ്പതിയിലാണ് നടക്കുന്നത്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഷൂട്ടിംഗ് കാണാന്‍ എത്തിയ ജനക്കൂട്ടം കാരണം തിരുപ്പതി നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ധനുഷ് ശേഖര്‍ കമ്മുലയ്ക്കൊപ്പമുള്ള ഈ ചിത്രത്തിന് ‘ഡി51’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. എന്നാല്‍ കൃത്യമായ പ്ലാനോടെ അടുത്ത ദിവസം തന്നെ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. അത് ക്രമാനുഗതമായി പുരോഗമിക്കുകയാണ്.
അതുപോലെ തന്നെ അനുഗ്രഹം തേടി പ്രശസ്തമായ തിരുമല ബാലാജി ക്ഷേത്രത്തില്‍ ഏതാനും ദിവസം മുന്‍പ് ധനുഷ് എത്തിയിരുന്നു. ‘ഡി51’ എന്ന ചിത്രത്തില്‍ ധനുഷും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ നാഗാര്‍ജുന അക്കിനേനിയും ജിം സര്‍ഭും നിര്‍ണായക വേഷങ്ങളില്‍ എത്തും. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരേ സമയം ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളായ ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ‘ക്യാപ്റ്റന്‍ മില്ലര്‍’ മികച്ച വിജയമായിരുന്നു.