റാന്നി : ചാലാപ്പള്ളി വലിയകുന്നം ശ്രീഅന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ ധ്വജനിർമാണത്തിനാവശ്യമായ തേക്കുമരം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. എരുമേലിയിൽനിന്ന് ആരംഭിച്ച ഘോഷയാത്രയെ വഴിയിലുടനീളം വിവിധ ഹൈന്ദവ, സമുദായ, സന്നദ്ധ സംഘടനകൾ വരവേറ്റു. ചാലാപ്പള്ളിയിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് എതിരേറ്റത്. എരുമേലി കാരിത്തോട് കൊക്കൊപ്പുഴ സിബിച്ചന്റെ പുരയിടത്തിൽനിന്നുമാണ് കൊടിമരത്തിന് അനുയോജ്യമായ തേക്ക് കണ്ടെത്തിയത്. 58 അടി നീളവും 68 ഇഞ്ച് വണ്ണവുമുണ്ട്. ബുധനാഴ്ച പകൽ 11 മണിയോടെ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വൃക്ഷപൂജ നടത്തി. ശിൽപ്പി പത്തിയൂർ വിനോദ് ബാബു ആചാരി ആദ്യ ഉളികൊത്ത് കർമം നിർവഹിച്ചു. തുടർന്ന് ശിഖരങ്ങൾ ഇറക്കിയശേഷം മരംമുറിച്ച് ക്രെയിനിന്റെ സഹായത്തോടെ നിലംതൊടാതെ ലോറിയിൽ കയറ്റുകയായിരുന്നു.
പട്ടുചുറ്റി അലങ്കരിച്ച് ലോറിയിൽ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തേക്ക് തടിയുമായി ഘോഷയാത്രയായി പുറപ്പെട്ടത്. എരുമേലിയിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി. ആലപ്ര, കോട്ടാങ്ങൽ, ചുങ്കപ്പാറ, പെരുമ്പെട്ടി, അത്യാൽ, ചാലാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഘോഷയാത്രയെ സ്വീകരിച്ചു. വിവിധ ക്ഷേത്രങ്ങൾ, ഹൈന്ദവ സംഘടനകൾ, സമുദായ സംഘടനകൾ,വ്യാപാരി വ്യവസായി ഏകോപന സമിതി,അയ്യപ്പസേവാ സംഘം, ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണങ്ങൾ. വൈകിട്ട് 6.30-ഓടെയാണ് ചാലാപ്പള്ളിയിലെത്തിയത്. അവിടെനിന്നു ക്ഷേത്രത്തിലേക്കുള്ള എതിരേൽപ്പിൽ ആയിരങ്ങൾ പങ്കെടുത്തു.