തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിന്റെ അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ആവേശത്തിമിര്‍പ്പിലാണ്. വികസനവും ജനപ്രീതിയും നേടാനായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത തുടങ്ങിയ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെ കടത്തിവെട്ടുന്ന പ്രവര്‍ത്തികളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിനെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും മറനീക്കി പുറത്തു വരികയാണ്. കേരളത്തെ മൊത്ത കച്ചവടം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണോ നമുക്കുള്ളതെന്നു ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ അങ്ങനെയാണ്. ദേശാഭിമാനി ഓഫിസില്‍ വെച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടികെട്ടി ഇരുട്ടിന്റെ മറവില്‍ കാറില്‍ കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലുകള്‍ മാത്രം മതിയാകും കേരളത്തിലെ മുഖ്യമന്ത്രിയെ സംശയിക്കുവാന്‍. ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘എനക്കറിയില്ല’ എന്ന മുഖം മൂടി ഇനിയും ധരിക്കാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുതിയ ആരോപണം.
ദിവസേന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക സൃഷ്‌ടിക്കുന്നു. ആരോപണം ഉന്നയിച്ച ജി ശക്തിധരന്‍ എന്ന വ്യക്തി ദേശാഭിമാനിയുടെ ഉന്നത പദവിയിലിരുന്നപ്പോള്‍ കൊച്ചിയിലെ ഓഫിസില്‍ നടന്ന കാര്യമാണ് വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹംകൂടി എണ്ണി തിട്ടപ്പെടുത്തുകയും അത് പൊതിഞ്ഞു കൊണ്ടുപോകാന്‍ കൈതോലപ്പായ വാങ്ങിക്കൊണ്ടുവരികയും ചെയ്‌തു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോള്‍ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോടു കൂടിയ ഒരു വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്.
എന്നാല്‍ ആ പണം എന്ത് ചെയ്‌തെന്ന് അറിയില്ല. അത് ഇരുളില്‍ മറഞ്ഞു. പണം എവിടെ പോയെന്ന് വ്യക്തമാക്കണമെന്നും ശക്തിധരന്‍ ആവശ്യപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ഒരു കോടീശ്വരന്‍ കോവളത്തെ ഹോട്ടലില്‍ വെച്ച് രണ്ട് പായ്‌ക്കറ്റുകള്‍ പാര്‍ട്ടിക്കായി ഇതേ നേതാവിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടി സെന്‍ററില്‍ ഒരു പായ്ക്കറ്റ് മാത്രമാണ് എത്തിയത്. ഇതില്‍ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതേ വലിപ്പത്തിലുള്ള മറ്റൊരു പായ്ക്കറ്റ് എകെജി സെന്‍ററിന് എതിര്‍ വശത്തുള്ള നേതാവിന്‍റെ ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. ഇതെല്ലാം അന്നത്തെ എകെജി സെന്‍ററിലെ ജീവനക്കാർക്ക് അറിവുള്ളതാണെന്നും ശക്തിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പുതിയ പദ്ധതിയുടെ പ്രഖ്യാപനം അല്ലാതെ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനക്ഷേമം, വികസനം തുടങ്ങിയവ ആരോ എഴുതിക്കൊടുത്ത പേപ്പറില്‍ മാത്രം ഒതുങ്ങുക എന്നതല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനുള്ള പണവും ഇല്ല. കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. സാധാരണക്കാരന്‍ വിയര്‍പ്പൊഴുക്കി നികുതി അടയ്‌ക്കുന്ന പണമൊക്കെയും കൈതോലപ്പായയില്‍ കെട്ടി കടത്തി ഇരുട്ടിന്റെ മറവില്‍ ഒളിപ്പിച്ചാല്‍ എങ്ങനെ ശരിയാകും സഖാവെ?. അഴിമതിയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെ കടത്തിവെട്ടുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നിരവധി തന്ത്രങ്ങളാണ് പയറ്റുന്നത്. ബ്രൂവറി, ഡിസ്‌റ്റലറി, പമ്പ മണല്‍ക്കടത്ത്, സ്‌പ്രിംഗ്‌ളര്‍, സ്വര്‍ണകള്ളക്കടത്ത്, എ ഐ ക്യാമറ അഴിമതി, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ തുടങ്ങി അഴിമതിയുടെ ഒരു പരമ്പര തന്നെയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തെളിവു സഹിതം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ ചൂളുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടര്‍ഭരണം ലഭിച്ചപ്പോള്‍ കേരളം കുപ്പിയിലാക്കാം എന്ന ധാര്‍ഷ്‌ട്യ മനോഭാവം ഇവിടെ പ്രകടമാണ്. സാധാരണക്കാരുടെ കണ്ണില്‍ പൊടി വാരിയെറിഞ്ഞ് നേടിയ തുടര്‍ഭരണത്തില്‍ അഹങ്കരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം. പുറത്തുവരാനിരിക്കുന്നവ കാണാന്‍ കേരളത്തിലെ ജനങ്ങള്‍ മനസ് ദൃഢപ്പെടുത്തേണ്ടതുണ്ട്.