തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാനാണ് പ്രതികളുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു അടിച്ചിടുകയായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, ഇവരെ അടിച്ച് തള്ളിയിട്ട ഇ.പി. ജയരാജനെതിരെ കേസെടുത്തിരുന്നില്ല.