ന്യൂഡല്‍ഹി : പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തിന് വളരെ ഉയര്‍ന്ന ബഹുമാനമാണ് കോടതി നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആരാഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വിവാഹം കഴിക്കണമെന്ന് താന്‍ നിർദേശിച്ചിട്ടില്ല എന്നും വിവാഹം കഴിക്കാന്‍ പോവുകയാണോയെന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വിശദീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ കാരണം അര്‍ത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ യശസ്സ് അഭിഭാഷകരുടെ കൈകളിലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 14 വയസുള്ള ബലാത്സംഗ കേസിലെ ഇരയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള മറ്റൊരു ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് കഴിഞ്ഞ ആഴ്ചത്തെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്.