പയ്യന്നൂർ : റോഡിനു കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവെ മകന്റെ ബൈക്കിൽ നിന്ന് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. രാമന്തളി കുന്നരു വടക്കേഭാഗത്തെ കെ.പി.വി ബാലന്റെ ഭാര്യ സി.സാവിത്രിയാണ് (49) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലായിരുന്നു അപകടം. കണ്ടോത്ത് താമസിക്കുന്ന ബന്ധുവിെൻറ മരണ വിവരമറിഞ്ഞ് മകൻ സനീഷിനൊപ്പം ബൈക്കിൽ പോകവെ പയ്യന്നൂർ മാളിനു സമീപത്തായിരുന്നു അപകടം.
റോഡിൽ പൂച്ച കുറുകെ ചാടിയതോടെ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ബൈക്ക് തെന്നിപ്പോവുകയും പിറകിലിരുന്ന സാവിത്രി റോഡിലേക്ക് തെറിച്ചു വീഴുക യുമായിരുന്നു. പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ രാത്രിയോടെ മരിച്ചു. ബൈക്ക് ഓടിച്ച സനീഷിന് നിസ്സാര പരിക്കേറ്റു.