തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ആളെ പോലീസ് അധിക്ഷേപിച്ച സംഭവത്തില്‍ എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിഐജി ഡിജിപിക്ക് സമര്‍പ്പിച്ചു. ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും സംഭവത്തില്‍ വകുപ്പ്തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് സേനയുടെ യശസ്സിന് ഗോപകുമാര്‍ കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാര്‍ പരാതി നല്‍കാന്‍ വന്നയാളെ അധിക്ഷേപിച്ചത്. അതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെയ്യാറില്‍ പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ വ്യക്തിയെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചര്‍ച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി.
കുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിലാണ് നെയ്യാര്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സുദേവന്‍ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ഗോപകുമാറിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ നിന്റെ കേസ് മാത്രമല്ല ഉള്ളതെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. മകള്‍ക്കൊപ്പമായിരുന്നു പോലീസ് സ്റ്റേഷനിലെത്തിയത്.