പത്തനംതിട്ട : സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാ വിദ്യാർഥികൾക്കും ഉറപ്പാക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണമെന്നും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നെന്ന് പട്ടികവർഗ വികസനവകുപ്പ് ഉറപ്പാക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ നിർദേശിച്ചു. ജില്ലയിലെ എത്ര വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഇനിയും ലഭ്യമാകാനുണ്ടെന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതി വിലയിരുത്തണമെന്നും യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടൻ വിളിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.
കെ.ഐ.പി യുമായി ബന്ധപ്പെട്ട കനാലിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും കാട് തെളിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, കെ.യു ജനീഷ് കുമാർ എം.എൽ.എയും നിർദേശിച്ചു. തിരുവല്ല-പൊടിയാടി റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഈ റോഡ് നിർമാണംമൂലം ഉണ്ടായിട്ടുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മാത്യു ടി.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടാൻ അനുവദിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവർമ്മ ആവശ്യപ്പെട്ടു. കോഴഞ്ചേരി ഉൾപ്പെടെ ജില്ലയിലെ അവശേഷിക്കുന്ന വില്ലേജുകളിലെ റീ സർവേ ഉടൻ പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആവശ്യപ്പെട്ടു. ജില്ലാ വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർ വസ്തുതാപരമായ വിവരം നൽകണമെന്ന് കളക്ടർ പറഞ്ഞു.