കൊല്‍ക്കത്ത : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ആരോപണവിധേയനായ ആണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ദിനജ്പുര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള കുളത്തിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയാണ് കൊടുംക്രൂരതക്ക് ഇരയായത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഒരു ദിവസം രാത്രി പെണ്‍കുട്ടിയെ കാണാതായി. തിരച്ചിലിനൊടുവില്‍ മരച്ചുവട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതിനുപിന്നാലെ പശ്ചിമ ബംഗാളില്‍ ദേശീയ പാത തടഞ്ഞ് ഗ്രാമീണര്‍ വാഹനങ്ങള്‍ കത്തിച്ചു. തലസ്ഥാനമായ കൊല്‍ക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന എന്‍ എച്ച് 31ല്‍ ഗതാഗതം തടഞ്ഞാണ് ഗ്രാമീണര്‍ വാഹനങ്ങള്‍ക്ക് തീയിട്ടത്. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്നും ശരീരത്തില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
15 വയസ്സുകാരിയുമായി തന്റെ മകന് പരിചയമുണ്ടായിരുന്നതായി മരിച്ച ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇരുവരും പത്താം ക്ലാസില്‍ ഒരുമിച്ചായിരുന്നു. എന്നാല്‍ പ്രണയമുണ്ടായിരുന്നു എന്ന വാദം തെറ്റാണെന്നും അവര്‍ പ്രതികരിച്ചു. മകന്റെ മരണത്തിന് ഉത്തരവാദി പെണകുട്ടിയുടെ കുടുംബമാണെന്നും അവര്‍ ആരോപിച്ചു. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് പിതാവ് ആണ്‍കുട്ടിക്കെതിരെ പരാതി കൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആണ്‍കുട്ടിയുടെ മരണം.